എം.കെ.കമലം



                                    എം.കെ.കമലം
            1938 ജനുവരി 19 ന് കേരളത്തിലെ പഴയ കൊട്ടകകളില്‍ ആദ്യം ശബ്ദംമുഴക്കിയ ബാലന്‍ എന്ന ചിത്രത്തിലെ നായികയായിരുന്നു. അന്നു കമലത്തിന് പ്രായം 15 വയസ്സുമാത്രമായിരുന്നു.
കുമരകം മങ്ങാട്ടുവീട്ടില്‍ കൊച്ചപ്പപ്പണിക്കരുടേയും കാര്‍ത്യായനിയുടേയും മകളായാണ് ജനനം. നടനും നാടകകൃത്തുമായിരുന്നു അച്ഛന്‍ . ആ കലാ പാരമ്പര്യം കമലത്തിനും പകര്‍ന്നു കിട്ടി. അച്ഛന്റെ നാടകത്തില്‍ ബാലതാരത്തെ കിട്ടാതെ വന്നപ്പോള്‍ മകളെത്തന്നെ എടുക്കുകയായിരുന്നു. അങ്ങനെ പത്താം വയസ്സില്‍ 'അല്ലിറാണി' എന്ന നാടകത്തില്‍ നായികയായികൊണടാണ് കമലം അരങ്ങിലെത്തുന്നത്. തുടര്‍ന്ന് സത്യവാന്‍ സാവിത്രി, പാരിജാത പുഷ്പാഹരണം,ഗായകന്‍ തുടങ്ങീ ഒട്ടേറെ നാടകങ്ങളില്‍ വേഷമിട്ടു.
തുടര്‍ന്ന് സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതരുടെ കൈരളിനടന കലാസമിതിയില്‍ ചേര്‍ന്നു. അനാര്‍ക്കലി,ശാകുന്തളം, മഗ്ദലനമറിയം എന്നീ നാടകങ്ങളിലും നായികയായി.പിന്നീട് ദേശീയനാടകപരിഷത്തിലേക്ക്.
                     കോട്ടയത്തെ ആദ്യ ഗാനനടനസഭയുടെ 'വിചിത്ര വിജയം'നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് 'ബാലനി'ല്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അങ്ങനെ മലയാളസിനിമയുടെ ചരിത്രത്തില്‍ കുറിക്കപ്പെട്ട ആദ്യകാലപേരുകളിലൊന്നായി കമലം മാറി.ബാലനില്‍ അഭിനയിക്കാന്‍ കമലത്തിന് അവസരം ഒരുങ്ങിയത് നായികയുടെ ഒളിച്ചോട്ടം മൂലമായിരുന്നു.'വിധിയും മിസ്സിസ്സ് നായരും 'എന്ന ചിത്രം നിര്‍മ്മിക്കാനായിരുന്നു നിര്‍മാമാതാവ് സുന്ദരന്റെ പദ്ധതി. സംവിധായകനും നായികയും ഷൂട്ടിങിനിടെ ഒളിച്ചോടി.തുടര്‍ന്നാണ് പുതിയ കഥയിലേക്ക് തിരിഞ്ഞത്.അഞ്ചുപേരില്‍ നിന്നാണ് ഇതിലെ നായികയായി കമലത്തെ തിരഞ്ഞെടുത്തത്.പിന്നീട് രേതുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റെ നാടകകമ്പിനിയില്‍ ചേര്‍ന്നു.ഇതിനിടെ ഭൂതനായര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാണം മുടങ്ങിപ്പോയി.
                                    24 വയസ്സുമുതല്‍ 40 വയസ്സുവരെ കമലം കാഥികയായാണ് കലാരംഗത്തു നിറഞ്ഞുനിന്നത്. ആദ്യകഥ ഉള്ളൂരിന്റെ 'മൃണാളിനി' ആയിരുന്നു. തുടര്‍ന്ന് വയലാറിന്റെ 'ഐഷ',വള്ളത്തോളിന്റെ 'മഗ്ദലനമറിയം', എസ്.എല്‍.പുരത്തിന്റെ 'മറക്കാത്ത മനുഷ്യന്‍',തുടങ്ങിയ രചനകള്‍ കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചു. ഇടയ്ക്ക് നാടകങ്ങളിലും ഭാഗമായി. നാല്‍പ്പത്തിയഞ്ചാമത്തെ വയസ്സില്‍ അഭിനയം നിര്‍ത്തിയ കമലം പിന്നീട് രംഗത്തിലെത്തുന്നത് 2000ത്തിലാണ്.
                                      എം.പി.സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത 'ശയനം'സിനിമയിലാണ് കമലം അഭിനയിച്ചത്.2001-ല്‍ വിനോദ്കുമാര്‍ സംവിധാനം ചെയ്ത 'ഒരു ഡയറിക്കുറിപ്പ്'എന്ന ഡോക്യുമെന്ററിയിലും 2006-ല്‍ കെ.ജി.വിജയകുമാര്‍ സംവിധാനം ചെയ്ത 'മണ്‍സൂണ്‍' എന്ന ചിത്രത്തിലും അഭിനയിച്ചു.